ചങ്ങനാശേരി: മതബോധനത്തിന്റെ മുഖമുദ്രയും അന്ത:സത്തയും ദൈവരാജ്യ സ്ഥാപനമാണെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
എസ്ബി കോളജിലെ ബൈബിള്‍ കണ്വന്ഷന് പന്തലില്‍ നടന്ന അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ നേതൃത്വത്തിലുള്ള മതാധ്യാപക മഹാസംഗമം (നുഹ്റ - 2026) ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ശിഷ്യനാകാനും ശ്ലീഹന്മാരാകാനും വിളിക്കപ്പെട്ടവരാണ് മതാധ്യാപകരെന്നും ദൈവിക സ്മരണ കൈമാറ്റമാണ് മതാധ്യാപകരുടെ ദൗത്യമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. സഭാമക്കളുടെ വിശ്വാസരൂപീകരണം കാര്യക്ഷമമമാക്കുന്ന മതാധ്യാപകരാണ് സഭാസമൂഹങ്ങളെ സജീവമാക്കുന്നതെന്നും മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികള്‍ക്കും യുവതലമുറയ്ക്കും വിശ്വാസബോധ്യങ്ങള് കൈമാറാന്‍ മതാധ്യാപകര്‍ ഒരുക്കമുള്ളവരാകണമെന്നും മാര്‍ തോമസ് തറയില്‍ ഉദ്ബോധിപ്പിച്ചു.
സന്ദേശനിലയം ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ ആമുഖസന്ദേശം നല്കി. വികാരി ജനറാള്‍ മോണ്‍.സ്കറിയ കന്യാകോണില്‍, മത ബോധന കമ്മീഷന് സെക്രട്ടറി റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ മാമ്പ്ര, ഫാ. ആന്റണി കിഴക്കേതലയ്ക്കല്‍, സിസ്റ്റര്‍ ജെസ്ലിന് ജെഎസ്, ബോബി തോമസ്, പ്രിന്‍സി ആന്റണി, ജോസ് കെ.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജോമ കാട്ടടി മറുപടിപ്രസംഗം നടത്തി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെയും മതാധ്യാപനത്തില്‍ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ജൂബിലേറിയ ന്മാരെയും എസ്എംസിസി അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു. 248 സണ്‍ഡേസ്കൂളുകളില്‍ നിന്നായി നാലായിരത്തോളം മതാധ്യാപകര്‍ പങ്കെടുത്തു.